പ്രീ - ഡിഗ്രിക്കാലത്താണ് (1997-99) യജ്ഞം എന്ന നോവൽ വായിക്കുന്നത്. 2002
ഏപ്രിൽ / മെയ് മാസത്തിൽ കൈരളി ടി.വി.യിൽ നടന്നിരുന്ന അശ്വമേധത്തിൽ
പങ്കെടുക്കാനവസരം കിട്ടിയപ്പോൾ മനസ്സിൽ വിചാരിച്ച പേര് അമ്മയ്ക്കുകൂടി
ഏറെ പ്രിയപ്പെട്ട എഴുത്തുകാരിയുടേതായിരുന്നു. 20 ചോദ്യങ്ങൾക്ക് ശേഷവും
ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിന് കെ. ബി. ശ്രീദേവി എന്ന പേരിലേയ്ക്ക്
എത്തിച്ചേരാൻ കഴിഞ്ഞില്ല. മത്സരാർത്ഥിയായ ഞാൻ പേര് പറഞ്ഞ് പുസ്തകം
പരിചയപ്പെടുത്തിയപ്പോൾ പ്രദീപ് പുതിയ അറിവിന് നന്ദി പറഞ്ഞു. ആ വർഷം
നവംബറിൽ മൂകാംബികാദേവിയുടെ നടയിൽ വച്ച് അമ്മയുടെ പ്രിയപ്പെട്ട
എഴുത്തുകാരിയെ കണ്ടപ്പോൾ അശ്വമേധത്തിന്റെ സമ്മാനമായ ഒരു പവൻ
കാണിച്ചുകൊടുത്തു. പിന്നെയും നിരവധി തവണ അവർ തമ്മിലുള്ള
കൂടിക്കാഴ്ചകളുണ്ടായിട്ടുണ്ട്.
'യജ്ഞം' എന്ന സിനിമ ഇന്നലെയാണ് കാണാൻ അവസരമുണ്ടായത്. ഒന്നല്ല, അടുപ്പിച്ച്
രണ്ട് തവണ യുട്യൂബിൽ സിനിമ കണ്ടു. ആദ്യത്തെ തവണ കണ്ടപ്പോൾ എന്തോ
വീർപ്പുമുട്ടിക്കുന്നപോലെ തോന്നി. അതുകൊണ്ടാണ് രണ്ടാമതും കണ്ടത്. രണ്ടാമത്തെ കാഴ്ചയിൽ പൂർണ്ണതയനുഭവപ്പെട്ടു. നോവൽ വായിച്ചത് 20 കൊല്ലം മുമ്പായതുകൊണ്ട് മനസ്സിലുണ്ടായിരുന്ന ചിത്രങ്ങൾക്ക് ചെറിയ
മങ്ങലേറ്റിരുന്നു. പക്ഷെ, സിനിമ കാണുമ്പോൾ മുമ്പ് വായിച്ചതിന്റെ ഭാരമില്ലാതെ കാണാനായി.
രഞ്ജന എത്രത്തോളം നന്നായി ആച്ചിയുടെ പുസ്തകം വായിച്ചുവെന്ന് ഈ സിനിമ പറയുന്നുണ്ട്. ആദ്യത്തെ സംവിധാന സംരഭമാണെന്ന് ഒട്ടും തന്നെ പറയില്ല. നോവലിന്റെ ഒരു നഖചിത്രമായി തിരക്കഥയെ മാറ്റിയെഴുതാൻ രഞ്ജനക്കും വിജയേഷിനും കഴിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളോരോന്നും സൂക്ഷ്മമായി രൂപപ്പെടുത്തിയെടുത്തിയവയാണ്. അവ പകർത്തിയെടുക്കുന്നതിൽ ക്യാമറയും വിജയിച്ചിട്ടുണ്ട്. ഒരു തവണമാത്രം വന്നുപോകുന്ന സാവേരിയsക്കം (സാവിത്രിയുടെ കുട്ടിക്കാലം) അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതിലും അഭിനയിപ്പിക്കുന്നതിലും പുലർത്തിയ ശ്രദ്ധ പരിചയസമ്പത്തുള്ള സംവിധായികയുടേത് തന്നെ. എന്നാലും കുറച്ചുപേരുടെ കാര്യം പറയാതെ വയ്യ. രഞ്ജന തന്നെ പറഞ്ഞപോലെ 'കുഞ്ഞുക്കുട്ട'നായി ശരത്തേട്ടനല്ലാതെ മറ്റൊരു മുഖം യോജിക്കുമെന്ന് തോന്നുന്നില്ല. കുഞ്ഞുക്കുട്ടനൊപ്പം നിൽക്കുന്നതായി 'നങ്ങേമ'യുടെ റോൾചെയ്ത സുമിയോപ്പോളും. ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ നിൽക്കുന്നതിന്റെ പരിഭ്രമം തോന്നുന്നില്ല. ഏറെ അത്ഭുതപ്പെടുത്തിയത് 'സാവിത്രി'യുടെ വേഷത്തിലെത്തിയ നീരദയാണ്. വൈകാരിക മുഹൂർത്തങ്ങളെ സംവേദനക്ഷമമാക്കുന്നതിൽ സുമിയോപ്പോളും നീരദയും ഏറെ മുന്നിൽ നിൽക്കുന്നതായാണ് അനുഭവപ്പെട്ടത്. 'കുട്ടനാ'യെത്തിയ സച്ചിൻ അനായാസമായിത്തന്നെയാണ് വേഷം ചെയ്തത്. കഥാഗതിയെ ഏറെ നിർണ്ണയിക്കുന്നവർ എന്ന നിലക്കാണ് ഈ നാലുപേരെ എടുത്തുപറഞ്ഞത്. പേരെടുത്തു പറഞ്ഞില്ലെങ്കിലും മറ്റെല്ലാവരും ചെറുതെങ്കിലും തങ്ങളുടെ വേഷം ഭംഗിയാക്കിയിട്ടുണ്ട്.
രണ്ടാമത്തെ കാഴ്ചയിൽ ശ്രദ്ധയേറെയും സബ്ടൈറ്റിലേക്കായിരുന്നു. സംഭാഷണ
ശകലങ്ങളോട് നീതി പുലർത്തുന്നതായി സബ്ടൈറ്റിൽ. ഏറെ ശ്രദ്ധയാകർഷിച്ച
മറ്റൊന്ന് ഇടപ്പള്ളി അജിത്തിന്റെ വയലിനായിരുന്നു. കഥാസന്ദർഭത്തിനനുസരിച്ച് പശ്ചാത്തലമൊരുക്കാൻ അദ്ദേഹത്തിന്
കഴിഞ്ഞിട്ടുണ്ട്. ശ്രീവത്സൻ ജെ മേനോന്റെ സംഗീതം മലയാളികൾ ഏറെ
ഇഷ്ടപ്പെടുന്നതാണ്; പാട്ടുകാരനെന്ന നിലക്കും സംഗീത സംവിധായകനെന്ന നിലക്കും.
വർഷങ്ങൾക്ക് മുൻപ് നടന്നിരിക്കാനിടയുള്ള ഒരു സംഭവത്തെ, വായനക്കാരുടെ
മനസ്സിൽ ഇടം നേടിയ ഒരു നോവലിനെ, ചലച്ചിത്രരൂപത്തിലേക്ക് പരിവർത്തിപ്പിക്കുമ്പോൾ അതിശയോക്തിയുടെ ചെറിയ സാധ്യതപോലും ഒഴിവാക്കിതന്നെയാണ് സിനിമ നിർമിച്ചിട്ടുള്ളത്. ഡബ്ബിങ്ങിലും എഡിറ്റിങ്ങിലും ചമയത്തിലും വസ്ത്രാലങ്കാരത്തിലും ഉൾപ്പെടെ ക്യാമയ്ക്ക് മുമ്പിലും പിന്നിലും പ്രവർത്തിച്ചവർ ഒന്നായിത്തന്നെ ഈ സംരംഭത്തെ വിജയിപ്പിച്ചുവെന്ന് പറയാം. അതിനർത്ഥം ന്യൂനതകൾ ഉണ്ടായിട്ടില്ല എന്നല്ല. കഥയുടെ സ്വാഭാവികമായ ഒഴുക്കിനെ ബാധിക്കുന്ന തരത്തിൽ ന്യൂനതകളുണ്ടായിട്ടില്ല എന്നേ പറയാൻ കഴിയൂ. രഞ്ജനയുടെ ആദ്യ സംരംഭത്തിനെ അതർഹിക്കുന്ന രീതിയിൽ കാണുമ്പോൾ സിനിമ വിജയമാണെന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.
തുടർന്നും മികച്ച സംരംഭങ്ങളുമായി പ്രേക്ഷകർക്കു മുന്നിലെത്താൻ യജ്ഞം
ടീമിന് എല്ലാ ഭാവുകങ്ങളും
സൂരജ്
ചിത്രങ്ങൾക്ക് കടപ്പാട്: രഞ്ജന, സുമിയോപ്പോൾ

No comments:
Post a Comment