Sunday, 15 May 2016

തിരഞ്ഞെടുപ്പ് കാലത്തെ ഓർമ്മകൾ

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്‌ വച്ചുള്ള നാടകങ്ങൾ കാണുമ്പോൾ ചില അനുഭവങ്ങൾ പറയാതെ വയ്യ. കാലം ഏറെ മുൻപ് അല്ല. എനിക്ക് വോട്ട് അവകാശം കിട്ടിയിട്ട് 17 വർഷങ്ങൾ കഴിയുന്നു. തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് മുതൽ ലോക്സഭവരെയുള്ള തിരഞ്ഞെടുപ്പുകളിൽ നാട്ടിൽ ഉള്ളപ്പോൾ ഒക്കെ വോട്ട് ചെയ്തിട്ടും ഉണ്ട്. വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉള്ളതുകൊണ്ട് ചെറിയ രീതിയിലുളള പ്രവർത്തനത്തിൽ കുടുംബം എന്നും സജീവവും ആണ്. ബാല്യകാലത്ത്‌, അച്ഛന്റെയും അമ്മയുടെയും കൂടെ പോളിംഗ് ബൂത്ത് വരെ അകമ്പടി പോകൽ വളരെ വലിയ ഒരു കാര്യമായി കരുതിയിരുന്നു. പിന്നീട് വോട്ട് അവകാശം കിട്ടിയപ്പോൾ മിക്കവാറും ഒറ്റക്ക് തന്നെ പോയി വോട്ട് രേഖപ്പെടുത്തുകയും ചെയ്തുപോന്നു. ഈ രണ്ട് സമയത്തും എന്നെയും എന്റെ കുടുംബത്തെയും അറിയാവുന്ന രാഷ്ട്രീയമായി എതിർചേരിയിൽ ഉള്ളവർ പോലും വന്നു വോട്ട് തങ്ങളുടെ പാർട്ടിക്ക് എന്ന് ഒരിക്കൽ കൂടി അപേക്ഷിക്കലും പതിവ് പരിപാടികൾ ആയിരുന്നു ( അന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ താരതമ്യേന ലളിതമായ ഉപാധികൾ മാത്രമേ വച്ചിരുന്നുള്ളൂ; ഇന്ന് സ്ഥിതി മാറി, വോട്ട് ചെയ്യാൻ പോകുന്ന വഴിയിൽ വോട്ടർമാരോട് ഒരു തരത്തിലും സമീപിക്കാൻ പാർട്ടികൾക്കോ സ്ഥാനാർഥികൾക്കോ കഴിയില്ല). പ്രതിപക്ഷ ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ മറുപടി ഒരു ചിരിയിൽ ഒതുക്കികൊണ്ട് വോട്ട് ചെയ്യ്ത് പോകലും ആയിരുന്നു പതിവ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തനവുമായി ബന്ധപെട്ട് മുതിർന്നവരുടെ കൂടെ മലപ്പുറം ജില്ലയിൽ പലയിടത്തും പോകാൻ കഴിഞ്ഞിട്ടുണ്ട്; പലപ്പോഴും കാൽനടയായിത്തന്നെ. ഗൃഹസന്ദർശന വേളകളിൽ / പുസ്തക വില്പനക്കായി പോകുമ്പോൾ ആ വീടുകൾ ആശയപരമായി വിയോജിപ്പുക്കൾ ഉള്ളവർ കൂടി ആകാം. പക്ഷെ ഒരിക്കലും ഒരിടത്തുനിന്നും മോശമായ അനുഭവം നേരിടേണ്ടതായി വന്നിട്ടില്ല.ആശയപരമായി നേരിടാൻ കഴിയാത്തതിനെ കായികമായി നേരിടാൻ ഉള്ള വർധിച്ചുവരുന്ന പ്രവണത ക്രമസമാധാന ലംഘനം മാത്രമല്ല ഒരു സംസ്കാരത്തിന്റെ ജീർണത കൂടിയാണ് വെളിപ്പെടുത്തുന്നത്.പെരുമ്പാവൂർ സംഭവത്തിൽ മറുപടിയില്ലാത്ത മുഖ്യമന്ത്രി വടകരയിലെ വ്യാജ ആക്രമണം അറിയാൻ വൈകിയില്ല. ഇപ്പോൾ വടകരയിൽ യഥാർഥത്തിൽ ആക്രമിക്കപ്പെട്ട പെണ്കുട്ടിയുടെ വാക്കുകൾ പുതുപ്പള്ളിയോ ഹരിപ്പാടോ വരെ എത്തിച്ചേർന്നുവോ ആവൊ.മാദ്ധ്യമങ്ങൾ സാദാ ജാഗരൂകരായി ഇരിക്കുന്ന ഇക്കാലത്ത് അല്പനിമിഷത്തേക്കുപോലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല എന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തട്ടെ.എല്ലാ വോട്ടർമാരും തങ്ങളുടെ സമ്മതിദാന അവകാശം ബുദ്ധിപൂർവ്വം വിനിയോഗിക്കുക.