Wednesday, 4 September 2024

കോഴിക്കോട്ടെ മുത്തശ്ശി


മൂന്നരപ്പതിറ്റാണ്ടിലേറെ പഴക്കമുള്ള ഓർമ്മകൾ മനസ്സിൽ നിറയുകയാണ്. 1989 മെയ് 19, ഇടവമാസത്തിലെ ചോതി. ഒരു ഏഴരവയസ്സുകാരൻ്റേയും പതിനാലുവയസ്സായ ഏട്ടൻ്റേയും സമാവർത്തനവും മുത്തശ്ശൻ്റെ പിറന്നാളും അന്നായിരുന്നു. 

ദൈർഘ്യമേറിയ ക്രിയകൾക്കുശേഷം അഭിവാദ്യം ചെയ്ത് കാരണവന്മാരുടെ അനുഗ്രഹം തേടുന്നതിനിടയിൽ മുത്തശ്ശൻ പ്രത്യേകമായിത്തന്നെ ഒരാളെ വിളിച്ചു. മുഖപരിചയമേതുമില്ലാത്ത ഒരു മുത്തശ്ശി പലകയിൽ വന്നിരുന്നു. ചെറിയമ്മയെന്നാണ് മുത്തശ്ശൻ അഭിസംബോധന ചെയ്തത്. ആദ്യം ഏട്ടനും പിന്നീട് അനിയനും അഭിവാദ്യം ചെയ്ത് അനുഗ്രഹം മേടിച്ചു. കുട്ടികളോട് മുത്തശ്ശൻ്റെ ചോദ്യം: "ആരാന്ന് അറിയോ?" ഉത്തരത്തിന് കാത്തുനിൽക്കാതെ മുത്തശ്ശൻ പറഞ്ഞു: ''മിസ്സിസ് ഞാളൂർ". പതിവിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള ഈ അഭിസംബോധന മുമ്പും പറഞ്ഞ് കേട്ടിട്ടുള്ളതുകൊണ്ട് മുത്തശ്ശിയെ വേഗം മനസ്സിലായി.

സമുദായ പരിഷ്കരണ പ്രവർത്തനങ്ങൾ നടക്കുന്ന കാലം. കുടഞ്ഞ് കളയേണ്ട അനാചാരങ്ങൾ ഏറെയുണ്ടായിരുന്നു അക്കാലത്ത്. ഇരുളടഞ്ഞ നാലുകെട്ടുകളിൽ സ്ത്രീകളുടെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. വിധവകളുടേത് അതിദയനീയവും; വിശേഷിച്ചും യൗവ്വനത്തിൽ. അത്തരമൊരു അനുഭവം പേറേണ്ടിവന്നയാളാണ് മുന്നിലിരുന്ന ആ മുത്തശ്ശി. മുത്തശ്ശൻ്റെ വാക്കുകളിൽ നിന്ന് പരിമിതമായ അറിവ് ലഭിച്ചിരുന്നു.

വി.ടി.യുടെ നേതൃത്വത്തിൽ നമ്പൂതിരിയെ മനുഷ്യനാക്കാൻ സമുദായ നവീകരണ പ്രവർത്തനങ്ങൾ നടന്നുവന്നിരുന്ന കാലം. അക്കൂട്ടത്തിൽ ഒരു ഞാളൂരും ഉണ്ടായിരുന്നു; പേര് നാരായണൻ. വംശാവലിയിൽ ശാഖമാറിയിട്ടാണെങ്കിലും മുത്തശ്ശൻ്റെ അപ്ഫനായിരുന്നു അദ്ദേഹം; ഒരേ പേര് പങ്കിടുന്നവരും. പ്രായം നാല്പത് കഴിഞ്ഞിട്ടും വേളി കഴിച്ചിരുന്നില്ല. അലിഖിതമെങ്കിലും സമുദായത്തിൻ്റെ വ്യവസ്ഥാപിതമായ വഴികളിൽ നിന്ന് മാറിനടക്കുന്ന ഒരാളുടെ ജീവിതം നേരിടാവുന്ന എല്ലാ പ്രതിസന്ധികളും അദ്ദേഹത്തേയും വേട്ടയാടിയിരുന്നു. 

സമുദായ നവീകരണ പ്രവർത്തനങ്ങളുടെ ഒരു ഘട്ടത്തിൽ പാലക്കാട് ജില്ലയിലെ കൊടുമുണ്ടയിൽ സ്ഥാപിതമായ ഉദ്ബുദ്ധ കേരളത്തിനുവേണ്ടിയുള്ള പണപ്പിരിവ് യാത്രയിലാണ് വിധവയായ ശ്രീദേവിയെ വി.ടി. കാണുന്നത്. ആദ്യം വേളികഴിച്ചിരുന്ന നമ്പൂതിരിയുടെ ഇല്ലത്തും (പുതുശ്ശേരി) സ്വഗൃഹത്തിലും (പേരാമംഗല്ലൂർ) അവർ പരിത്യക്തയായിരുന്നു. മുന്നിൽ ഇരുളടഞ്ഞ നാളുകൾ. അഭയാർത്ഥി സമാനമായ ജീവിതാവസ്ഥയിലും പ്രതിസന്ധികളെ മറികടന്ന് പോകണമെന്ന ദൃഢനിശ്ചയമല്ലാതെ അവർക്കുമുന്നിൽ വഴികൾ തെളിഞ്ഞിരുന്നില്ല. ആരേയും ആശ്രയിക്കാതെ ജീവിക്കാൻ ഒരു മാർഗ്ഗത്തിനായി വി.ടി.യോട് സഹായമഭ്യർത്ഥിച്ചു. 

യാത്ര സമാപിച്ച് സ്വഗൃഹത്തിൽ തിരിച്ചെത്തിയ വി.ടിയുടെ മനസ്സിൽ ശ്രീദേവിയുടെ വാക്കുകൾ ആഴത്തിൽ പതിഞ്ഞിരുന്നു. ഉദ്ബുദ്ധ കേരളത്തിൻ്റെ നിലനിൽപ്പ് ഏറെ താമസിയാതെ പ്രതിസന്ധിയിലാകുകയും പിരിച്ചുവിടുകയും ചെയ്യപ്പെട്ടു. ആദ്യത്തെ വിധവാവിവാഹം (എം.ആർ.ബി-ഉമ ദമ്പതികൾ - 1934) കഴിഞ്ഞതിൻ്റെ പുകിലുകൾ കെട്ടടങ്ങി വരുന്നതേയുണ്ടായിരുന്നുള്ളൂ. ഉഗ്രശാസനന്മാരുടെ കല്പനകളെ ലംഘിച്ച് യുവാക്കൾ മുന്നിലേയ്ക്ക് വരുകയും വേണം. തോളോടുതോൾ ചേർന്ന് നിശ്ശബ്ദപ്രവർത്തനം നടത്തിയിരുന്ന പത്നിയുമായുള്ള സംസാരത്തിനിടയിലാണ് പ്രായം നാല്പത് കഴിഞ്ഞിട്ടും ഏകാന്തപഥികനും തൻ്റേതന്നെ അനുയായിയുമായിരുന്ന നാരായണനിലേയ്ക്ക് വി.ടി. എത്തുന്നത്. വിവരമറിയിച്ച് വരുത്തിച്ച അദ്ദേഹത്തോട് കാര്യങ്ങൾ അവതരിപ്പിച്ചു; ഒപ്പം ശ്രീദേവിയോടും. എല്ലാതീരുമാനങ്ങളും വി.ടി.ക്ക് വിട്ടുകൊടുത്ത നാരായണനും സനാഥത്വത്തിലേയ്ക്കുള്ള വഴി തുറന്നുകിട്ടിയ ശ്രീദേവിയും 1940 ൽ വി.ടിയുടെ മേഴത്തൂരിലെ വസതിയിൽ വച്ച് പരിമിതമായ ബന്ധു-സുഹൃത് ജനങ്ങളെ സാക്ഷിയാക്കി വിവാഹിതരായി; ആദ്യത്തെ വിധവാ പുനർവിവാഹം ഏറെ ഒച്ചപ്പാടുണ്ടാക്കിയെങ്കിൽ രണ്ടാമത്തേത് ഒരു നിശ്ശബ്ദ വിപ്ലവമായിരുന്നു.

മലപ്പുറം ജില്ലയിലെ താനൂരിനടുത്ത് ഒഴൂർ ആണ് ഞാളൂർ തറവാട്. സമുദായ നവീകരണ പ്രവർത്തനവും വിധവാവിവാഹവും കൂടിയായപ്പോൾ അന്നത്തെ കാരണവന്മാർ വധൂവരന്മാരെ തറവാട്ടിൽ കയറ്റുകയോ കുടിവയ്ക്കാൻ സമ്മതിക്കുകയോ ചെയ്തില്ല. മേഴത്തൂരിൽ വീട് വാടകക്കെടുത്ത് ഞാളൂർ ദമ്പതികൾ താമസമാക്കി. 1941 ൽ മകൾ പിറന്നു; പേര് സരസ (സരസ്വതി). മകൾക്ക് ഒരുവയസ്സ് പ്രായമായപ്പോൾ നാരായണൻ ഞാളൂർ അന്തരിച്ചു. ശ്രീദേവിയും മകളും വീണ്ടും അനാഥത്വത്തിലേയ്ക്ക്.

കയ്പേറിയ ജീവിതാവസ്ഥകളുടെ ആഴക്കടൽ ഒരുവട്ടം നീന്തിക്കടന്ന ശ്രീദേവി മകളേയും കൊണ്ട് വീണ്ടും മുന്നിലേയ്ക്ക്. പഠിച്ചെടുക്കാത്ത അറിവുകളില്ല; ചെയ്യാത്ത തൊഴിലുകളും അലയാത്ത നാടുകളും. നീലിമംഗലസ്സും ('അഗ്നിസാക്ഷി') ആര്യാപളളവും എം.ആർ.ബി-ഉമ ദമ്പതികളും ശ്രീദേവിയുടേയും സരസയുടേയും ജീവിതത്തിൽ പലപ്പോഴായി കടന്നുവരികയും സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട്. ലക്കിടിയിലെ അന്തർജ്ജന തൊഴിൽകേന്ദ്രത്തിലും പേരൂർ ഗാന്ധി സേവാസദനത്തിലും കുട്ടിയായ സരസയേയും കൊണ്ട് കുറച്ചുകാലം ജീവിച്ച ശ്രീദേവി പിന്നീട് (1951 ൽ) കോഴിക്കോട്ടേയ്ക്ക്. വെള്ളിമാടുകുന്നിലുള്ള കസ്തൂർബ ബാലഭവനിലെത്തി. അവിടത്തെ സൂപ്രണ്ട് കെ.എൻ. കുറുപ്പ് സ്പിന്നിംഗ് ടീച്ചറായി ജോലി നൽകി. ശേഷിച്ച ജീവിതം ബാലഭവനിലെ കുട്ടികളോടൊപ്പം. കൂട്ടത്തിലൊരാളായി സരസയും വളർന്നു, പഠിച്ചു, ടെലിഫോൺസിൽ ജോലിയായി, വിവാഹം കഴിഞ്ഞു ഭർത്താവും (ബാലകൃഷ്ണൻ) കുട്ടികളുമായി (സിന്ധു, സന്ദീപ്). ശ്രീദേവി പിന്നീട് ബാലഭവനിലെ പേട്രണായി വിരമിച്ചു. കോഴിക്കോടുള്ള വീടിൻ്റെ പേരിൽ ഞാളൂരുമായുള്ള ബന്ധം അപ്പോഴും തുടർന്നു; 'ഞാളൂർ ഭവൻ'. 

മുത്തശ്ശൻ്റെ കോഴിക്കോട് യാത്രയിൽ പലപ്പോഴും മുത്തശ്ശിയെ (മിസ്സിസ്. ഞാളൂർ) പോയി കാണാറുണ്ടായിരുന്നു. മുത്തശ്ശനോടുള്ള വ്യക്തിബന്ധവും താത്പര്യവും കാരണമാണ് 1989 ൽ ഇല്ലത്ത് വന്നത്; ആദ്യമായും അവസാനമായും. മുത്തശ്ശൻ്റെ മരണശേഷം (1-ഏപ്രിൽ-1995) ഇഴയറ്റുപോയ ബന്ധങ്ങളെ വിളക്കിച്ചേർക്കുന്ന ആദ്യകണ്ണി അറ്റുപോയി; 2000 ൽ കോഴിക്കോട്ടെ മുത്തശ്ശിയും. ഒരേ തൂവൽ പക്ഷികളെങ്കിലും സരസോപ്പോളെ കാണാൻ കഴിഞ്ഞിട്ടില്ല; ഇനി അത് അസാദ്ധ്യവും. 2023 ഒക്ടോബറിൽ സരസോപ്പോളും ഓർമ്മയായി. സ്വന്തം വേരുകൾ തേടിയുള്ള അന്വേഷണത്തിൽ പരസ്പരം കണ്ടുമുട്ടാൻ കഴിയാത്ത നിർഭാഗ്യർ.

മുത്തശ്ശൻ്റെ കൂടെ നടത്തിയിട്ടുള്ള പരിമിതമായ യാത്രകളും പറഞ്ഞുകേട്ട അനുഭവങ്ങളുമാണ് അതിരുകളില്ലാത്ത ലോകത്തിലേയ്ക്കുള്ള ആദ്യത്തെ കാൽവയ്പ്പുകൾ. ജീവിതയാത്രയിൽ കണ്ടുമുട്ടിയവരേയും അറിഞ്ഞും അറിയാതേയും കടന്നുപോയ മുഴുവൻ പേരേയും ഓർത്തുകൊണ്ട്...


സൂരജ് ഞാളൂർ


കടപ്പാട്: 

1) വി.ടി. വാസുദേവൻ മാസ്റ്ററുടെ ലേഖനങ്ങൾ, ഫേസ് ബുക്കിലെ കുറിപ്പ്, പുസ്തകം: 'വി.ടി. - ഒരു തുറന്ന പുസ്തകം'

2) ശ്രീദേവി കക്കാട് (കവി എൻ.എൻ. കക്കാടിൻ്റെ പത്നി)