Sunday, 19 April 2020

യജ്ഞം - നോവലും സിനിമയും


പ്രീ - ഡിഗ്രിക്കാലത്താണ് (1997-99) യജ്ഞം എന്ന നോവൽ വായിക്കുന്നത്. 2002
ഏപ്രിൽ / മെയ് മാസത്തിൽ കൈരളി ടി.വി.യിൽ നടന്നിരുന്ന അശ്വമേധത്തിൽ
പങ്കെടുക്കാനവസരം കിട്ടിയപ്പോൾ മനസ്സിൽ വിചാരിച്ച പേര് അമ്മയ്ക്കുകൂടി
ഏറെ പ്രിയപ്പെട്ട എഴുത്തുകാരിയുടേതായിരുന്നു. 20 ചോദ്യങ്ങൾക്ക് ശേഷവും
ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിന് കെ. ബി. ശ്രീദേവി എന്ന പേരിലേയ്ക്ക്
എത്തിച്ചേരാൻ കഴിഞ്ഞില്ല. മത്സരാർത്ഥിയായ ഞാൻ പേര് പറഞ്ഞ് പുസ്തകം
പരിചയപ്പെടുത്തിയപ്പോൾ പ്രദീപ് പുതിയ അറിവിന് നന്ദി പറഞ്ഞു. ആ വർഷം
നവംബറിൽ മൂകാംബികാദേവിയുടെ നടയിൽ വച്ച് അമ്മയുടെ പ്രിയപ്പെട്ട
എഴുത്തുകാരിയെ കണ്ടപ്പോൾ അശ്വമേധത്തിന്റെ സമ്മാനമായ ഒരു പവൻ
കാണിച്ചുകൊടുത്തു. പിന്നെയും നിരവധി തവണ അവർ തമ്മിലുള്ള
കൂടിക്കാഴ്ചകളുണ്ടായിട്ടുണ്ട്.

'യജ്ഞം' എന്ന സിനിമ ഇന്നലെയാണ് കാണാൻ അവസരമുണ്ടായത്. ഒന്നല്ല, അടുപ്പിച്ച്
രണ്ട് തവണ യുട്യൂബിൽ സിനിമ കണ്ടു. ആദ്യത്തെ തവണ കണ്ടപ്പോൾ എന്തോ
വീർപ്പുമുട്ടിക്കുന്നപോലെ തോന്നി. അതുകൊണ്ടാണ് രണ്ടാമതും കണ്ടത്. രണ്ടാമത്തെ കാഴ്ചയിൽ പൂർണ്ണതയനുഭവപ്പെട്ടു. നോവൽ വായിച്ചത് 20 കൊല്ലം മുമ്പായതുകൊണ്ട് മനസ്സിലുണ്ടായിരുന്ന ചിത്രങ്ങൾക്ക് ചെറിയ
മങ്ങലേറ്റിരുന്നു. പക്ഷെ, സിനിമ കാണുമ്പോൾ മുമ്പ് വായിച്ചതിന്റെ ഭാരമില്ലാതെ കാണാനായി.

രഞ്ജന എത്രത്തോളം നന്നായി ആച്ചിയുടെ പുസ്തകം വായിച്ചുവെന്ന് ഈ സിനിമ പറയുന്നുണ്ട്. ആദ്യത്തെ സംവിധാന സംരഭമാണെന്ന് ഒട്ടും തന്നെ പറയില്ല. നോവലിന്റെ ഒരു നഖചിത്രമായി തിരക്കഥയെ മാറ്റിയെഴുതാൻ രഞ്ജനക്കും വിജയേഷിനും കഴിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളോരോന്നും സൂക്ഷ്മമായി രൂപപ്പെടുത്തിയെടുത്തിയവയാണ്. അവ പകർത്തിയെടുക്കുന്നതിൽ ക്യാമറയും വിജയിച്ചിട്ടുണ്ട്. ഒരു തവണമാത്രം വന്നുപോകുന്ന സാവേരിയsക്കം (സാവിത്രിയുടെ കുട്ടിക്കാലം) അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതിലും അഭിനയിപ്പിക്കുന്നതിലും പുലർത്തിയ ശ്രദ്ധ പരിചയസമ്പത്തുള്ള സംവിധായികയുടേത് തന്നെ. എന്നാലും കുറച്ചുപേരുടെ കാര്യം പറയാതെ വയ്യ. രഞ്ജന തന്നെ പറഞ്ഞപോലെ 'കുഞ്ഞുക്കുട്ട'നായി ശരത്തേട്ടനല്ലാതെ മറ്റൊരു മുഖം യോജിക്കുമെന്ന് തോന്നുന്നില്ല. കുഞ്ഞുക്കുട്ടനൊപ്പം നിൽക്കുന്നതായി 'നങ്ങേമ'യുടെ റോൾചെയ്ത സുമിയോപ്പോളും. ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ നിൽക്കുന്നതിന്റെ പരിഭ്രമം തോന്നുന്നില്ല. ഏറെ അത്ഭുതപ്പെടുത്തിയത് 'സാവിത്രി'യുടെ വേഷത്തിലെത്തിയ നീരദയാണ്. വൈകാരിക മുഹൂർത്തങ്ങളെ സംവേദനക്ഷമമാക്കുന്നതിൽ സുമിയോപ്പോളും നീരദയും ഏറെ മുന്നിൽ നിൽക്കുന്നതായാണ് അനുഭവപ്പെട്ടത്. 'കുട്ടനാ'യെത്തിയ സച്ചിൻ അനായാസമായിത്തന്നെയാണ് വേഷം ചെയ്തത്. കഥാഗതിയെ ഏറെ നിർണ്ണയിക്കുന്നവർ എന്ന നിലക്കാണ് ഈ നാലുപേരെ എടുത്തുപറഞ്ഞത്. പേരെടുത്തു പറഞ്ഞില്ലെങ്കിലും മറ്റെല്ലാവരും ചെറുതെങ്കിലും തങ്ങളുടെ വേഷം ഭംഗിയാക്കിയിട്ടുണ്ട്.

രണ്ടാമത്തെ കാഴ്ചയിൽ ശ്രദ്ധയേറെയും സബ്ടൈറ്റിലേക്കായിരുന്നു. സംഭാഷണ
ശകലങ്ങളോട് നീതി പുലർത്തുന്നതായി സബ്ടൈറ്റിൽ. ഏറെ ശ്രദ്ധയാകർഷിച്ച
മറ്റൊന്ന് ഇടപ്പള്ളി അജിത്തിന്റെ വയലിനായിരുന്നു. കഥാസന്ദർഭത്തിനനുസരിച്ച്‌ പശ്ചാത്തലമൊരുക്കാൻ അദ്ദേഹത്തിന്
കഴിഞ്ഞിട്ടുണ്ട്. ശ്രീവത്സൻ ജെ മേനോന്റെ സംഗീതം മലയാളികൾ ഏറെ
ഇഷ്ടപ്പെടുന്നതാണ്; പാട്ടുകാരനെന്ന നിലക്കും സംഗീത സംവിധായകനെന്ന നിലക്കും.

വർഷങ്ങൾക്ക് മുൻപ് നടന്നിരിക്കാനിടയുള്ള ഒരു സംഭവത്തെ, വായനക്കാരുടെ
മനസ്സിൽ ഇടം നേടിയ ഒരു നോവലിനെ, ചലച്ചിത്രരൂപത്തിലേക്ക് പരിവർത്തിപ്പിക്കുമ്പോൾ അതിശയോക്തിയുടെ ചെറിയ സാധ്യതപോലും ഒഴിവാക്കിതന്നെയാണ് സിനിമ നിർമിച്ചിട്ടുള്ളത്. ഡബ്ബിങ്ങിലും എഡിറ്റിങ്ങിലും ചമയത്തിലും വസ്ത്രാലങ്കാരത്തിലും ഉൾപ്പെടെ ക്യാമയ്ക്ക് മുമ്പിലും പിന്നിലും പ്രവർത്തിച്ചവർ ഒന്നായിത്തന്നെ ഈ സംരംഭത്തെ വിജയിപ്പിച്ചുവെന്ന് പറയാം. അതിനർത്ഥം ന്യൂനതകൾ ഉണ്ടായിട്ടില്ല എന്നല്ല. കഥയുടെ സ്വാഭാവികമായ ഒഴുക്കിനെ ബാധിക്കുന്ന തരത്തിൽ ന്യൂനതകളുണ്ടായിട്ടില്ല എന്നേ പറയാൻ കഴിയൂ. രഞ്ജനയുടെ ആദ്യ സംരംഭത്തിനെ അതർഹിക്കുന്ന രീതിയിൽ കാണുമ്പോൾ സിനിമ വിജയമാണെന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

തുടർന്നും മികച്ച സംരംഭങ്ങളുമായി പ്രേക്ഷകർക്കു മുന്നിലെത്താൻ യജ്ഞം
ടീമിന് എല്ലാ ഭാവുകങ്ങളും

സൂരജ്

ചിത്രങ്ങൾക്ക് കടപ്പാട്: രഞ്ജന, സുമിയോപ്പോൾ

Wednesday, 15 April 2020

കൊറോണക്കാലത്തെ വിഷു


ഓർമ്മയിലിന്നുവരെ തീർത്തും ഒറ്റയ്ക്കായ ഒരു വിഷുക്കാലം ഉണ്ടായിട്ടില്ല;  ബാച്ച്ലർജീവിതത്തിൽപ്പോലും. ലോകം മുഴുവൻ നിശ്ചലമായ ഈവർഷം ആദ്യമായിട്ടതും വേണ്ടിവന്നു. ഇത്രയും നീണ്ട ഏകാന്തവാസവും പരിചയമില്ലാത്ത അനുഭവം തന്നെ. മാർച്ച് 21 ന് മുറിക്കകത്ത് കയറിയതിന് ശേഷം ഇന്നേവരെ 24 ദിവസം പിന്നിട്ടു. അത്യാവശ്യസാധനങ്ങൾ മേടിക്കുന്നതിനായി 10 ദിവസത്തെ ഇടവേളയിൽ രണ്ട് തവണമാത്രം പുറത്തിറങ്ങി. അരമണിക്കൂറിൽ തിരിച്ചെത്തി. മാർച്ച് മാസത്തിലെ ജോലിത്തിരക്ക് കാരണം ആദ്യമൊന്നും ചുറ്റും നടക്കുന്നതൊന്നും ആലോചിക്കാൻപോലും സമയമുണ്ടായിരുന്നില്ല. ആ നിലയ്ക്ക് ചെറിയ മാറ്റം വന്നത് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ്.

മനുഷ്യനെ കാല്പനികമായ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നതാണ് ഓരോ ആഘോഷങ്ങളും. ആ നിലയ്ക്ക് പരിധിയില്ലാത്ത സ്വപ്നങ്ങൾ ഈവർഷത്തെ വിഷുവിന് കൂട്ടായുണ്ടായിരുന്നു. വിരസമായ ഏകാന്തതയിലും ഫോൺവിളികളും ആശംസകളുമായി പ്രിയപ്പെട്ടവരുടെ സാന്നിധ്യം സാന്ത്വനമായി.

ലോകം മുഴുവൻ അദൃശ്യനായ ശത്രുവിനോടെന്നപോലെ Covid - 19 വൈറസ്സിനെതിരെ പോരാടുന്ന ഈ ദിവസങ്ങളിൽ അതിന്റെ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകർക്കും നാടിന്റെ സുരക്ഷ ഉറപ്പാക്കുന്ന പൊലീസിനും സന്നദ്ധസേവനവുമായി രംഗത്തുള്ള മുഴുവൻ മനുഷ്യസ്നേഹികൾക്കുമായി ഈ വിഷുക്കാലത്തിന്റെ ഓർമ്മച്ചിത്രങ്ങൾ പങ്കുവയ്ക്കുന്നു.

#Break_the_chain
#We_shall_overcome
#ശാരീരിക_അകലം_സാമൂഹിക_ഒരുമ

സൂരജ്

ഫോട്ടോകൾക്ക് കടപ്പാട്: വ്യക്തിഗതമായി ആശംസകളറിയിച്ച ബന്ധുക്കളും സുഹൃത്തുക്കളും.

Sunday, 29 March 2020


കൊറോണക്കാലത്തെ കൂട്ടപ്പലായനം.

ഡോ.അമർത്യാസെൻ 'ഐഡിയ ഓഫ് ജസ്റ്റിസിൽ' പറയുന്ന ഒരു കാര്യമുണ്ട്. പ്രതികൂല സാഹചര്യങ്ങൾ ഏറ്റവും അധികമായി ബാധിക്കുന്നത് സമൂഹത്തിലെ താഴെതട്ടിലുള്ളവരെയാണ്. ഈ അവസ്ഥയെ മുൻകൂട്ടിക്കാണാൻ  കഴിയുന്നവരാകണം ഭരണാധികാരികൾ.

വർഷം 2010. കോമൺവെൽത്ത് ഗെയിംസിനായി ഡൽഹി തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. അക്കാലത്ത് ഡൽഹിയിലും പരിസരപ്രദേശങ്ങളിലും യാത്ര ചെയ്തപ്പോൾ മനസ്സിലായകാര്യമുണ്ട്. സമൂഹം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ കൃതൃമമായി നഗരം സൗന്ദര്യവത്ക്കരിക്കുകയും ബാക്കിയുള്ളവ കെട്ടിമറയ്ക്കുകയും ചെയ്താൽ മതിയെന്ന്. ഇതിന്റെ ഭീകരമായ പതിപ്പാണ് ട്രംപിന്റെ ഗുജറാത്ത് സന്ദർശനവേളയിൽ കണ്ടത്. നർമ്മദാ-സരോവർ പദ്ധതിക്കാലത്ത് കുടിയിറക്കപ്പെട്ടവരോ അവരുടെ പിൻതലമുറക്കാരോ മറ്റൊരുതരത്തിൽ വീണ്ടും വേട്ടയാടപ്പെട്ടു.

പലായനങ്ങൾ നമുക്ക് പുതിയകാര്യമല്ല. ഏത് സമൂഹമാണ് ആദ്യമായി പലായനം തുടങ്ങിയത് എന്നും പറയാൻ വിഷമം. ലോകമഹായുദ്ധം ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ കാലത്ത് മലയാളി തൊഴിലന്വേഷകനായി ആസാമിലേക്ക് കുടിയേറിയതിനെക്കുറിച്ച് വൈലോപ്പിള്ളി മാഷ് എഴുതി. 'ആസാം പണിക്കാർ'. അവിടെ നിന്നാണ് ഇന്ന് കേരളത്തിലേയ്ക്ക് മറ്റ് ഭാഷക്കാർ എത്തുന്ന അവസ്ഥയുണ്ടായത്. ഈ അവസ്ഥയുടെ ഗുണദോഷങ്ങൾ പ്രത്യേകമായി പരിശോധിക്കാവുന്നതാണ്. പ്രധാനവിഷയം ഇവിടെ മനുഷ്യന് ലഭിക്കുന്ന പരിഗണനയാണ്. കേരളത്തിന് പുറത്ത് മദിരാസിയെന്നും മല്ലുവെന്നും വിളിച്ച്‌ വരുന്നവരോട് സഹതാപം മാത്രമേയുള്ളൂ. കാരണം അവരുടെ ലോകം അത്രയ്ക്കും ചെറുതാണ്. നമ്മുടെ മുഖ്യമന്ത്രി 'അതിഥി തൊഴിലാളികൾ' എന്ന പദം പ്രയോഗിച്ചപ്പോൾ നമ്മുടെ ഭാഷയുടെ സമൃദ്ധിയുടേയും അതിൽക്കൂടി കൈമാറ്റം ചെയ്യപ്പെടുന്ന വിശാലമായ മാനവികബോധത്തിന്റേയും തെളിവായി അത് മാറി.

ആര് ഏത് സ്ഥാനത്തിരിക്കുന്നു എന്നതല്ല മറിച്ച് ഏത് ആദർശങ്ങളാൽ നയിക്കപ്പെടുന്നു എന്നതാണ് വിഷയം. മനുഷ്യനെമാത്രമല്ല മറ്റ് ജീവജാലങ്ങളേയും തുല്യപരിഗണനയോടെ കാണുന്ന സമീപനവും കേരള മുഖ്യമന്തി പുലർത്തി.

രാഷ്ട്രീയം എന്നതിന് അക്കാദമികമായി പല നിർവ്വചനങ്ങളും കാണാം. ഏറ്റവും ലളിതമായി ഇത്തരത്തിൽ പറയാം: "സ്വാഭാവികമായി ലഭിച്ചിരുന്ന വിഭവങ്ങൾ കൊണ്ട് ജീവിതം നയിച്ചിരുന്ന
മനുഷ്യനിൽ നിന്നും തനിക്ക് ആവശ്യമായത് സ്വയം ഉല്പാദിപ്പിക്കുന്ന
മനുഷ്യനിലേക്കുള്ള മാറ്റം രാഷ്ട്രീയത്തിന്റെ ഉദയമാണ്" (കടപ്പാട് : ഡോ.കെ.ഇ.എൻ., പുസ്തകം: 'കവിത,പ്രണയം, രാഷ്ട്രീയം')

അതിനാൽ, മനുഷ്യകേന്ദ്രീകൃതമായ നിലപാടുകൾ പറയുന്നത് രാഷ്ട്രീയപ്രവർത്തനമാണ്. ആദ്യമായും അവസാനമായും വിഷയം മനുഷ്യനാണ്, അതിൽ രാഷ്ട്രീയവുമുണ്ട്. വ്യാവസായികവും സാമ്പത്തികവുമായി വികസിച്ച ചൈനയും അവസാനിക്കാത്ത ഉപരോധങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്ന ക്യൂബയും മനുഷ്യകേന്ദ്രിതമായ ചിന്തകളാൽ നയിക്കപ്പെടുന്ന രാജ്യങ്ങൾ തന്നെയാണ്. നമ്മുടെ കേരളത്തേയും മുന്നോട്ട് നയിക്കുന്നത് ഇതേ ചിന്തകൾ തന്നെയാണ്. മറുനാടൻ മലയാളി സമൂഹത്തിൽ ജീവിക്കുമ്പോൾ വ്യക്തിപരമായി ഇതേ ആശയത്തിന്റെ പ്രയോക്താവാകാനാണ് ശ്രമിച്ചിട്ടുള്ളത്.

#Break_the_Chain
#ശാരീരിക_അകലം_സാമൂഹിക_ഒരുമ
#നമ്മൾ_അതിജീവിക്കും

സൂരജ്

(താത്പര്യമുള്ളവർക്ക് വായിക്കാനായി രണ്ട് പുസ്തകങ്ങൾ: 'UnHeard Voices', 'Living with Hunger' രണ്ടും എഴുതിയത്: ഹർഷ് മന്ദർ)

ഫോട്ടോകൾക്ക് കടപ്പാട്: അറിയുന്നവരും അല്ലാത്തവരുമായ മനുഷ്യർ, സോഷ്യൽമീഡിയ.