Sunday, 8 October 2017

'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'ക്ക് 2017 ലെ വയലാർ അവാർഡ്


അവാർഡ് കിട്ടിയ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്; വായിച്ച പുസ്തകങ്ങളിൽ ചിലതിന് പിൽക്കാലത്ത് അവാർഡ് കിട്ടിയതായും കേട്ടിട്ടുണ്ട്. 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' രണ്ടാമത്തെ ഗണത്തിൽ പെടുന്നതാണ്. എഴുത്തുകാരനോട് സംവദിക്കാൻ ലഭിച്ച ആദ്യ അവസരവും സുഗന്ധിയെ ആവിഷ്കരിച്ച ടി.ഡി.രാമകൃഷ്ണനോടായിരുന്നു.

ഈ വർഷം മാർച്ച് 26ന് മുംബൈയിലെ ഡോംബിവില്ലിയിലുള്ള ഹോളി ഏഞ്ചൽസ് സ്കൂളിൽ വച്ച് നടന്ന സാഹിത്യ ക്യാമ്പിൽ വച്ചാണ് ടി.ഡി.രാമകൃഷ്ണൻ എന്ന എഴുത്തുകാരനെ കാണുന്നതും സംവദിക്കുന്നതും. 'സ്ത്രീ പക്ഷ സാഹിത്യം - അനുഭവങ്ങളും സിദ്ധാന്തങ്ങളും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ശ്രീ. രാമകൃഷ്ണൻ.

സുഗന്ധിയുടെ രചയിതാവ് സന്നിഹിതനായിരുന്ന വേദിയിൽ വളരെ സ്വാഭാവികമായി ചർച്ചയിൽ പുസ്തകത്തിന്റെ പ്രമേയവും ആവിഷ്കരണരീതിയും ചർച്ചചെയ്യപ്പെട്ടു. പിന്നീടാണ് പുസ്തകം വാങ്ങുന്നതും വായിക്കുന്നതും. ട്രെയിൻ യാത്രയ്ക്കിടയിൽ കിട്ടുന്ന ചുരുങ്ങിയ സമയത്തിലെ വായനയിലും ഏതാണ്ട് ഒരു മാസം കൊണ്ട് വായിച്ച്‌ തീർത്തു. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന ജീവിത യാഥാർത്ഥ്യങ്ങളെ ചരിത്രപരമായി വിലയിരുത്തുന്ന അപൂർവ്വാനുഭവം; തമിഴ് - ശ്രീലങ്കൻ പശ്ചാത്തലത്തിൽ ശക്തമായി അവതരിപ്പിക്കുന്ന കൃതി. വായനയെ ഗൗരവമായി കാണുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം. പുരസ്കാര ജേതാവിന് അഭിനന്ദനങ്ങൾ