ഡോ.അമർത്യാസെൻ 'ഐഡിയ ഓഫ് ജസ്റ്റിസിൽ' പറയുന്ന ഒരു കാര്യമുണ്ട്. പ്രതികൂല സാഹചര്യങ്ങൾ ഏറ്റവും അധികമായി ബാധിക്കുന്നത് സമൂഹത്തിലെ താഴെതട്ടിലുള്ളവരെയാണ്. ഈ അവസ്ഥയെ മുൻകൂട്ടിക്കാണാൻ കഴിയുന്നവരാകണം ഭരണാധികാരികൾ.
വർഷം 2010. കോമൺവെൽത്ത് ഗെയിംസിനായി ഡൽഹി തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. അക്കാലത്ത് ഡൽഹിയിലും പരിസരപ്രദേശങ്ങളിലും യാത്ര ചെയ്തപ്പോൾ മനസ്സിലായകാര്യമുണ്ട്. സമൂഹം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ കൃതൃമമായി നഗരം സൗന്ദര്യവത്ക്കരിക്കുകയും ബാക്കിയുള്ളവ കെട്ടിമറയ്ക്കുകയും ചെയ്താൽ മതിയെന്ന്. ഇതിന്റെ ഭീകരമായ പതിപ്പാണ് ട്രംപിന്റെ ഗുജറാത്ത് സന്ദർശനവേളയിൽ കണ്ടത്. നർമ്മദാ-സരോവർ പദ്ധതിക്കാലത്ത് കുടിയിറക്കപ്പെട്ടവരോ അവരുടെ പിൻതലമുറക്കാരോ മറ്റൊരുതരത്തിൽ വീണ്ടും വേട്ടയാടപ്പെട്ടു.
പലായനങ്ങൾ നമുക്ക് പുതിയകാര്യമല്ല. ഏത് സമൂഹമാണ് ആദ്യമായി പലായനം തുടങ്ങിയത് എന്നും പറയാൻ വിഷമം. ലോകമഹായുദ്ധം ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ കാലത്ത് മലയാളി തൊഴിലന്വേഷകനായി ആസാമിലേക്ക് കുടിയേറിയതിനെക്കുറിച്ച് വൈലോപ്പിള്ളി മാഷ് എഴുതി. 'ആസാം പണിക്കാർ'. അവിടെ നിന്നാണ് ഇന്ന് കേരളത്തിലേയ്ക്ക് മറ്റ് ഭാഷക്കാർ എത്തുന്ന അവസ്ഥയുണ്ടായത്. ഈ അവസ്ഥയുടെ ഗുണദോഷങ്ങൾ പ്രത്യേകമായി പരിശോധിക്കാവുന്നതാണ്. പ്രധാനവിഷയം ഇവിടെ മനുഷ്യന് ലഭിക്കുന്ന പരിഗണനയാണ്. കേരളത്തിന് പുറത്ത് മദിരാസിയെന്നും മല്ലുവെന്നും വിളിച്ച് വരുന്നവരോട് സഹതാപം മാത്രമേയുള്ളൂ. കാരണം അവരുടെ ലോകം അത്രയ്ക്കും ചെറുതാണ്. നമ്മുടെ മുഖ്യമന്ത്രി 'അതിഥി തൊഴിലാളികൾ' എന്ന പദം പ്രയോഗിച്ചപ്പോൾ നമ്മുടെ ഭാഷയുടെ സമൃദ്ധിയുടേയും അതിൽക്കൂടി കൈമാറ്റം ചെയ്യപ്പെടുന്ന വിശാലമായ മാനവികബോധത്തിന്റേയും തെളിവായി അത് മാറി.
ആര് ഏത് സ്ഥാനത്തിരിക്കുന്നു എന്നതല്ല മറിച്ച് ഏത് ആദർശങ്ങളാൽ നയിക്കപ്പെടുന്നു എന്നതാണ് വിഷയം. മനുഷ്യനെമാത്രമല്ല മറ്റ് ജീവജാലങ്ങളേയും തുല്യപരിഗണനയോടെ കാണുന്ന സമീപനവും കേരള മുഖ്യമന്തി പുലർത്തി.
രാഷ്ട്രീയം എന്നതിന് അക്കാദമികമായി പല നിർവ്വചനങ്ങളും കാണാം. ഏറ്റവും ലളിതമായി ഇത്തരത്തിൽ പറയാം: "സ്വാഭാവികമായി ലഭിച്ചിരുന്ന വിഭവങ്ങൾ കൊണ്ട് ജീവിതം നയിച്ചിരുന്ന
മനുഷ്യനിൽ നിന്നും തനിക്ക് ആവശ്യമായത് സ്വയം ഉല്പാദിപ്പിക്കുന്ന
മനുഷ്യനിലേക്കുള്ള മാറ്റം രാഷ്ട്രീയത്തിന്റെ ഉദയമാണ്" (കടപ്പാട് : ഡോ.കെ.ഇ.എൻ., പുസ്തകം: 'കവിത,പ്രണയം, രാഷ്ട്രീയം')
അതിനാൽ, മനുഷ്യകേന്ദ്രീകൃതമായ നിലപാടുകൾ പറയുന്നത് രാഷ്ട്രീയപ്രവർത്തനമാണ്. ആദ്യമായും അവസാനമായും വിഷയം മനുഷ്യനാണ്, അതിൽ രാഷ്ട്രീയവുമുണ്ട്. വ്യാവസായികവും സാമ്പത്തികവുമായി വികസിച്ച ചൈനയും അവസാനിക്കാത്ത ഉപരോധങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്ന ക്യൂബയും മനുഷ്യകേന്ദ്രിതമായ ചിന്തകളാൽ നയിക്കപ്പെടുന്ന രാജ്യങ്ങൾ തന്നെയാണ്. നമ്മുടെ കേരളത്തേയും മുന്നോട്ട് നയിക്കുന്നത് ഇതേ ചിന്തകൾ തന്നെയാണ്. മറുനാടൻ മലയാളി സമൂഹത്തിൽ ജീവിക്കുമ്പോൾ വ്യക്തിപരമായി ഇതേ ആശയത്തിന്റെ പ്രയോക്താവാകാനാണ് ശ്രമിച്ചിട്ടുള്ളത്.
#Break_the_Chain
#ശാരീരിക_അകലം_സാമൂഹിക_ഒരുമ
#നമ്മൾ_അതിജീവിക്കും
സൂരജ്
(താത്പര്യമുള്ളവർക്ക് വായിക്കാനായി രണ്ട് പുസ്തകങ്ങൾ: 'UnHeard Voices', 'Living with Hunger' രണ്ടും എഴുതിയത്: ഹർഷ് മന്ദർ)
ഫോട്ടോകൾക്ക് കടപ്പാട്: അറിയുന്നവരും അല്ലാത്തവരുമായ മനുഷ്യർ, സോഷ്യൽമീഡിയ.
