Tuesday, 23 October 2018

ആചാരങ്ങൾ തിരുത്തപ്പെടുമ്പോൾ

ശബരിമലയിൽ സ്ത്രീകളുടെ (10 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള) പ്രവേശനം ഇന്ത്യയുടെ പരമോന്നത കോടതി പറഞ്ഞാലും അംഗീകരിക്കില്ല എന്ന് പറഞ്ഞ് 'വിശാലഹിന്ദു' സമൂഹം ഉണർന്നിരിക്കുന്ന സമയത്ത് എന്റെ ഓർമ്മകൾ കുട്ടിക്കാലത്തേയ്ക്ക് പോയി.

നമ്പൂതിരി ഗ്രാമങ്ങളിൽ ഒന്നായ ആലത്തിയൂർ ഗ്രാമത്തിൽ വരുന്നതാണ് എന്റെ ഇല്ലം. ഗ്രാമക്ഷേത്രം ആലത്തിയൂർ പെരുംതൃക്കോവിൽ. അമ്പലം ശ്രീഹനുമാന്റെ പേരിലാണെങ്കിലും പ്രധാന പ്രതിഷ്ഠ ശ്രീരാമനാണ്; സീതാവിരഹിതനായ ശ്രീരാമൻ. ഇടത് വശത്ത് ഹനുമാൻ പ്രതിഷ്ഠയും. ശ്രദ്ധിച്ചാൽ മനസ്സിലാകും ഹനുമാൻ പ്രതിഷ്ഠ വലത് വശത്തേയ്ക്ക് ചെരിഞ്ഞാണ് നില്പ്. മുത്തശ്ശന്റെ ശിങ്കിടിയായാണ് കേരളത്തിന്റെ രണ്ടറ്റവും ഞാൻ കണ്ടിട്ടുള്ളത്. ആലത്തൂരെ ഹനുമാന്റെ 'വലതുപക്ഷ വ്യതിയാനവും' പറഞ്ഞ് തന്നത് മുത്തശ്ശൻ തന്നെ. കാര്യം വളരെ ശരിയായി തോന്നി; സീതയെത്തേടി ലങ്കയിലേയ്ക്ക് ചാടാൻ തയ്യാറായ ഹനുമാന് ഉപദേശം നൽകുകയാണ് ശ്രീരാമൻ.

ഉള്ളിൽ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അയ്യപ്പനും ഗണപതിയും വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഭഗവതിയും. പുറത്തിറങ്ങി പ്രദക്ഷിണവഴിയിൽ വിഷ്ണുവിനേയും തൊഴുത് തെക്കേ നടയിൽ എത്തുമ്പോൾ കുട്ടികൾ ചാടിക്കളിക്കുന്ന, മുൻഭാഗം ഉയർന്ന് നീളത്തിലുള്ള, കല്ലുകൊണ്ടുള്ള കെട്ട് കാണാം. ഹനുമാൻ ലങ്കയിലേയ്ക്ക് ചാടിയതിന്റെ സ്മരണ. വടക്ക് കിഴക്ക് ഭാഗത്ത് ലക്ഷ്മണനേയും തൊഴുത് പുറത്തിറങ്ങാം. ഇത്രയും സാധാരണ ഭക്തശിരോമണിമാർക്ക് താല്പര്യമുള്ള കാര്യം. എന്നാൽ എനിക്ക് താല്പര്യമുള്ള വിഷയം തുടങ്ങുതേ ഉള്ളൂ.

മുത്തശ്ശന്റെ കൂടെ ആലത്തിയൂർ പോകാൻ തുടങ്ങിയ കാലത്ത് അവിടെ മേൽശാന്തി പൊയിലൂർ ആയിരുന്നു. മിക്കവാറും പരമേശ്വരൻ പൊയിലൂരോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഏട്ടൻ ശേഖരൻ പൊയിലൂരോ ആവും. തിടപ്പള്ളിയിൽ കീഴ്ശാന്തിയും ഉണ്ടാകും. പോയിരുന്നത് മിക്കവാറും രാവിലെ വെറും വയറ്റിൽ ആയിരുന്നതുകൊണ്ട് അമ്പലത്തിലെത്തുമ്പോഴേയ്ക്കും എന്റെ താത്പര്യം ഭക്തിവിട്ട് വിശപ്പിലായിരിക്കും. ഒരു വിധം തൊഴുത് തിടപ്പള്ളിയിൽ വന്നിരിക്കും. നേദ്യം കഴിഞ്ഞാൽ പരമേശ്വരൻ പൊയിലൂർ വന്ന് കീറ്റിലയിൽ കുഴച്ച അവിലും അപ്പവും തന്ന് കഴിപ്പിച്ചിട്ടേ വിട്ടിരുന്നുള്ളൂ. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ ഇല്ലത്ത് പോയി ഊണും കഴിച്ചിട്ടേ അന്നൊക്കെ മടങ്ങിയിരുന്നുള്ളൂ. പത്ത് വയസ്സുകാരന് ഭക്തിയിലും വലുത് വിശപ്പ് തന്നെയെന്ന് മനസ്സിലായത് അങ്ങിനെയാണ്.

ഭക്തിയും ആത്മകഥയും വിട്ട് ഒന്ന് കൂടിയുണ്ട് ആലത്തിയൂർ അമ്പലവുമായി ബന്ധപ്പെട്ട്. തുടക്കത്തിൽ സൂചനയും കൊടുത്തിരുന്നു. കഥ പറഞ്ഞുതന്നത് അമ്മയാണ്. ഭാഗികമായി ചിലത് നേരിട്ട് ശ്രദ്ധിച്ചിട്ടുമുണ്ട്. ഒരു കാലം വരെ പ്രായഭേദമെന്യേ സ്ത്രീകൾ വലിയതോതിൽ തൊഴാൻ വരാത്ത അമ്പലമായിരുന്നു ആലത്തിയൂർ പെരുംതൃക്കോവിൽ. കാരണം മറ്റൊന്നല്ല; പ്രധാന പ്രതിഷ്ഠയായ ശ്രീരാമൻ സീതാവിരഹദുഃഖത്തിൽ. അലിഖിതമായിട്ടാണെങ്കിലും, സ്ത്രീ പ്രവേശനം ഉണ്ടായിരുന്നില്ല എന്ന സ്ഥിതി. കുട്ടിക്കാലം മുതൽ ഗുരുവായൂരിൽ പതിവായി എല്ലാമാസവും പോയിരുന്ന അമ്മയ്ക്ക് ആലത്തിയൂർ ഹനുമാനെ തൊഴാൻ നല്ല മോഹം. ഇല്ലത്ത് വന്നിട്ടും ഏറെക്കാലം ഉള്ളിൽ സൂക്ഷിച്ചമോഹം പേടിയോടെ മുത്തശ്ശനോട് തന്നെ ചോദിച്ചു.  മുത്തശ്ശന്റെ മറുപടിയാണ് ഏറെ രസകരമായത്. ശേഷം, ഭയപ്പാടില്ലാതെ അമ്മ ആലത്തിയൂർ തൊഴുത് വന്നു; പിന്നീട് പലപ്പോഴും.

ഒരുകാര്യം ഉറപ്പിച്ച് പറയാം. ഭക്തിയാണ് വിഷയമെങ്കിൽ വിശ്വാസിയായ ആർക്കും ഏത് ആരാധനാലയത്തിലും ദർശനത്തിന്/ ആരാധനയ്ക്ക് അവസരമുണ്ടാകണം. പറഞ്ഞത് സ്വതവേ വിശ്വാസികളായവരുടെ കാര്യമാണ്. അമ്പലത്തിലോ പളളിയിലോ മറ്റ് ആരാധനാലായങ്ങളിലോ പോയാൽ മാത്രം വിശ്വാസവും ഭക്തിയും ഉണ്ടാകുന്നവർ കച്ചവടകാലത്തിന്റെ ചിലന്തിവലയിൽപ്പെട്ടുപോയ നിർഭാഗ്യവാൻമാരും നിർഭാഗ്യവതികളും മാത്രം.

ചുറ്റിലും ഭക്തിമൂത്ത് ബഹളം നടക്കുമ്പോഴും എന്റെ ഓർമ്മകൾ മുത്തശ്ശനേയും പൊയിലൂരിനേയും ചുറ്റിപ്പറ്റിത്തന്നേയാണ്. കുഴച്ച അവിലിന്റെ സ്വാദ് ഇപ്പോഴും നാവിലുണ്ട്.

അഭിവാദയേ.....

No comments:

Post a Comment