Saturday, 30 September 2017

മുംബൈ എൽഫിൻസ്റ്റൺ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ

മുംബൈ നഗരത്തിൽ ഒരു കൊല്ലത്തിൽ താഴെയായി അറിയപ്പെട്ടതും അല്ലാത്തതുമായ നിരവധി ദുരന്തങ്ങൾ ഉണ്ടായി. ജീർണ്ണാവസ്ഥയിൽ ഉള്ളതും നിർമ്മാണഘട്ടത്തിൽ ഇരുന്നതുമായ കെട്ടിടങ്ങൾ തകർന്ന് വീണ് അപകടത്തിൽപ്പെട്ട നിർഭാഗ്യരും നഗരത്തിലെ ജലവിതരണത്തിനായി സ്ഥാപിച്ച വലിയ പൈപ്പ് പൊട്ടി ചേരിയിൽ വെള്ളം കയറി ജീവൻ നഷ്ടമായവരും തുടങ്ങി പട്ടികയിൽ നിരവധി പേർ വരും. ഇതിൽ എൻഫിൻസ്റ്റൺ ദുരന്തം അവസാനത്തേത് ആകട്ടേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കാം. സർക്കാരിന്റെ അടക്കം നിസ്സംഗതയും പൊതുവിലുള്ള അലംഭാവവും ചെറിയ അപകടങ്ങളേപ്പോലും വലിയ ദുരന്തത്തിലേയ്ക്ക് നയിക്കുന്നതിന്റെ ചിത്രങ്ങൾ ധാരാളം കാണാം. വലിയ അസമത്വങ്ങൾ നിലനിൽക്കുന്ന സമൂഹത്തിൽ താരതമ്യേന ചെറിയ പ്രശ്നങ്ങൾ അത് ഭീകരമാകുന്നതുവരെ അവഗണിക്കപ്പെടുന്നു. ഗുണഭോക്താക്കൾ ആയിരിക്കുമ്പോഴും പൊതുസേവന സംവിധാനങ്ങളെക്കുറിച്ച് സാമാന്യജനത്തിന് ഉള്ള അറിവില്ലായ്മയെ സേവനദാതാക്കളും മുതലെടുക്കുന്നു. മേൽപ്പറഞ്ഞ സാഹചര്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് എൽഫിൻസ്റ്റൺ.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21. 'മനുഷ്യന്റെ സ്വതന്ത്രനായും  ജീവിച്ചിരിക്കാനും ഉള്ള അവകാശത്തെ'ക്കുറിച്ചാണ് പറയുന്നത്. നിരവധി വിധിന്യായങ്ങൾ വഴി വിശദീകരിക്കപ്പെട്ടതനുസരിച്ച് മുഴുവൻ ചൂഷണങ്ങളിൽ നിന്നുമുള്ള മോചനത്തെ മാത്രമേ പൂർണ്ണമായ അർത്ഥത്തിൽ സ്വാതന്ത്ര്യമായി കാണാൻ കഴിയൂ. പട്ടിണിയും ദാരിദ്ര്യവും അറിയില്ലായ്മയും ചൂഷണത്തിന്റെ ആഘാതം കൂട്ടുമെന്നതിനാൽ ഒരു ശരാശരി ഇന്ത്യൻ പൗരൻ / പൗര ശരിയായ അർത്ഥത്തിൽ സ്വതന്ത്രനാണെന്ന് / സ്വതന്ത്രയാണെന്ന് പറയാൻ കഴിയില്ല. അത്തരമൊരു സാഹചര്യത്തിൽ സാമൂഹ്യ ജീവിതത്തിന്റെ സുഗമമായ നടത്തിപ്പിനാണ് ഭരണഘടനയും അതിൻപ്രകാരമുള്ള അധികാര രൂപങ്ങളും നിലകൊളളുന്നത്. നേരിട്ടുള്ള ഇടപെടലുകൾ, വികസന പ്രവർത്തനങ്ങൾ അടക്കം, നടത്തിയും വിവിധ മാർഗ്ഗങ്ങൾ വഴി സമൂഹത്തെ ബോധവത്കരിച്ചും മാത്രമേ സർക്കാരിന് തങ്ങളുടെ കർത്തവ്യനിർവ്വഹണം പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. പ്രാഥമികമായ ഈ കർത്തവ്യം നിർവ്വഹിക്കുന്നതിൽ വരുന്ന സർക്കാരിന്റെ വീഴ്ച പലപ്പോഴും ജനങ്ങളുടെ ജീവന്റെ വില നൽകേണ്ടിവരുന്നു; അതുവഴി ആർട്ടിക്കിൾ 21 ഉറപ്പ് നൽകുന്ന ജീവിച്ചിരിക്കാനുള്ള അവകാശം ഹനിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ, ദുരന്തത്തിന് പ്രത്യക്ഷത്തിലോ പരോക്ഷമായോ ഉത്തരവാദിയായ സർക്കാർ തങ്ങളുടെ പരാജയം ജനങ്ങളുടെ മുമ്പാകെ തുറന്ന് പറയാൻ തയ്യാറാകണം. ദുരന്തത്തിന്റെ വേദനയുമായി ജീവിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകണം. കാരണക്കാരായ മുഴുവൻ ആളുകളെയും വലിപ്പച്ചെറുപ്പമില്ലാതെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം.

എൽഫിൻസ്റ്റൺ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട മുഴുവൻ പേർക്കും ഒരിക്കൽ കൂടി ആദരാഞ്ജലികൾ

No comments:

Post a Comment