Tuesday, 28 March 2017

സാഹിത്യക്യാമ്പും പുസ്തക ചർച്ചയും - 26 - മാർച്ച് - 2017


കേരള സാഹിത്യ അക്കാദമിയും ജനശക്തി ആർട്സ് താക്കുർളിയും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യക്യാമ്പും പുസ്തക ചർച്ചയും , ഡോംബിവ്‌ലി പി. ആൻഡ് ടി. കോളനിയിൽ ഉള്ള ഹോളിഎയ്ഞ്ചൽസ് സ്കൂളിൽവച്ച് നടന്നു. 6 വർഷത്തിൽ എത്തിനിൽക്കുന്ന എന്റെ മുംബൈ പ്രവാസജീവിതത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ അനുഭവമായിരുന്നു. 2010 ഡൽഹി കോമൺവെൽത് ഗെയിംസിന്റെ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച കോമൺവെൽത് രാജ്യങ്ങളിലെ എഴുത്തുകാർ പങ്കെടുത്ത സാഹിത്യ ഉത്സവം ആയിരുന്നു ഇതിന് മുൻപ് പങ്കെടുക്കാൻ കഴിഞ്ഞ ഒരു സാഹിത്യ സമ്മേളനം. എഴുതാൻ വേണ്ട 'ഊർജ്ജം' ഇല്ലാത്തതും വായന ഒരു ശീലം എന്ന നിലയിൽ നിലനിർത്താൻ കഴിയാത്തതും കാരണം അല്പം ഒരു ആശങ്കയോടെ ആണ് ഈ രണ്ടു സമ്മേളനങ്ങളിലും പങ്കെടുത്തത്; പഠനകാലത്തു, പ്രത്യേകിച്ച് സ്കൂൾ പഠനകാലത്തു, ഉണ്ടായിരുന്ന ഭയപ്പാട് വീണ്ടും ഒരിക്കൽ കൂടി അനുഭവപ്പെട്ടു. കേരളത്തിലെയും മുംബൈയിലെയും പ്രമുഖ എഴുത്തുകാർ പങ്കെടുത്ത ക്യാമ്പ് കെ. പി. രാമനുണ്ണി ഉദ്‌ഘാടനം ചെയ്തു. ആസുരമായ വർത്തമാനകാലത്തെ പ്രതിരോധിക്കാൻ മനുഷ്യ നന്മയുടെ ചരിത്രം പുനർവായന ചെയ്യപ്പെടേണ്ട ആവശ്യത്തെ രാമനുണ്ണി ഓർമിപ്പിച്ചു. സാമ്രാജ്യത്വ ശക്തികളുടെ ആധിപത്യത്തിന് മുൻപ് കേരളത്തിന്റെ ഇന്നലെകളിൽ ഉണ്ടായിരുന്ന സഹജീവനത്തിന്റെ സംഘർഷരഹിതമായ അധ്യായങ്ങൾ ലോകത്തിന്‌ നൽകുന്ന സന്ദേശം സജീവമായി നിലനിർത്തിക്കൊണ്ട് മാത്രമേ മലയാളിക്ക് തന്റെ നാളെകളോട് നീതിപുലർത്താൻ ആകുകയുള്ളു എന്നും രാമനുണ്ണി ഓർമിപ്പിച്ചു.

തുടർന്ന് നടന്ന ചർച്ചകൾ രണ്ടു ഘട്ടങ്ങളിലായി രണ്ട് വിഷങ്ങളിൽ ഊന്നിയായിരുന്നു.
ഒന്നാം ഘട്ടത്തിൽ 'സ്ത്രീപക്ഷ സാഹിത്യം - അനുഭവങ്ങളും സിദ്ധാന്തങ്ങളും' എന്ന വിഷയത്തിൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, ടി. ഡി. രാമകൃഷ്ണൻ, മാനസി, ഇ. ഐ. എസ്. തിലകൻ എന്നിവർ സംസാരിച്ചു. മലയാള സാഹിത്യത്തിലെ ആദ്യകാല സ്ത്രീ എഴുത്തുകാരിൽ പ്രമുഖരായ സരസ്വതിയമ്മ, ലളിതാംബിക അന്തർജ്ജനം, ബാലാമണിയമ്മ എന്നിവരിൽ തുടങ്ങി കെ. ആർ. മീരയിലും സിതാരയിലും എത്തിനിൽക്കുന്ന നീണ്ടനിരയെ ഡോ. ഖദീജ അനുസ്മരിച്ചു. എന്തുകൊണ്ട് സ്ത്രീ എഴുതണം എന്നതിന് ഡോ. ഖദീജയുടെ മറുപടി ഏതാണ്ട് ഇത്തരത്തിൽ രേഖപ്പെടുത്താം : "ആണെഴുതുന്ന സ്ത്രീ കഥാപാത്രങ്ങൾ തങ്ങളുടെ അരക്ഷിതമായ മനസ്സിൽ രക്ഷാകർതൃമനോഭാവം തേടിയലയുന്നു." ആത്മീയത ചോർന്നുപോയ മതം സ്ത്രീക്ക് വെല്ലുവിളികൾ ഉയർത്തുന്ന കാലത്ത് തങ്ങളുടെ ശബ്ദം അടയാളപ്പെടുത്താൻ സ്ത്രീകൾ എഴുതിയേ തീരു എന്നും ഡോ. ഖദീജ അഭിപ്രായപ്പെട്ടു. തുടന്ന് സംസാരിച്ച ടി. ഡി. രാമകൃഷ്ണൻ പുരുഷകേന്ദ്രിതമായ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പരുക്കൻ യാഥാർഥ്യങ്ങളെ തമിഴ്, ശ്രീലങ്കൻ പശ്ചാത്തലത്തിൽ അടയാളപ്പെടുത്തി. തമിഴ്‌നാട്ടിൽ ഇന്നും നിലനിൽക്കുന്ന ജാതീയമായ ഉച്ചനീചത്വങ്ങളിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന യാതനകൾ, അതിനെതിരെ ഒറ്റപ്പെട്ടതെങ്കിലും ഉയർന്നുവരുന്ന പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും തുരുത്തുകൾ, സാഹിത്യത്തിൽ അവ അടയാളപ്പെടുത്തപ്പെടുന്ന വിധം എന്നിവയെക്കുറിച്ച് സംസാരിച്ചു. ശ്രീലങ്കയിലെ ആഭ്യന്തര സംഘർഷക്കാലത്ത് കണ്ടും കേട്ടും അറിഞ്ഞ ഭീതിദമായ നാളുകളെ രാമകൃഷ്ണൻ ഓർത്തെടുത്തു. 'ആണ്ടാൾ ദേവനായകി' വായിക്കുന്നപക്ഷം അതിന്റെ രചയിതാവിന്റെ വാക്കുകളിലെ അനുഭവതീക്ഷണത ബോധ്യപ്പെടും. മുംബൈയിലെ എഴുത്തുകാരിൽ സജീവസാന്നിധ്യമായ മാനസി 'വേലികെട്ടിതിരിച്ചു പുറത്താക്കപ്പെട്ടവരുടെ കലാപമായാണ്' സ്ത്രീ എഴുത്തുകളെ കാണുന്നത്. ഇ. ഐ. എസ്. തിലകൻ ആദ്യകാല ജർമൻ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികയും പാർട്ടി പ്രവർത്തകയും സാമ്പത്തിക ശാസ്ത്രജ്ഞയും ആയ റോസാ ലക്സംബെർഗിനെയും ('Rosa Luxemburg') സാർത്രിന്റെ ഭാര്യയും എഴുത്തുകാരിയും സൈദ്ധാന്തികയും രാഷ്ട്രീയ പ്രവർത്തകയും ആയ സിമോൺ ഡി ബുവറിനെയും ('Simone de Beauvoir') സദസ്സിനു പരിചയപ്പെടുത്തി.

ഉച്ചക്ക് ശേഷമുണ്ടായ രണ്ടാംഘട്ടത്തിൽ 'സർഗാത്മകതയും പ്രവാസിഭൂമികയും' എന്ന വിഷയത്തിലെ ചർച്ച കെ. പി. രാമനുണ്ണി തുടങ്ങി വച്ചു. ആധുനികത ഒരു പ്രസ്ഥാന രൂപം കൈവരിക്കുന്നത്തിന്റെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും ആയ കാരണങ്ങളെ രാമനുണ്ണി തന്റെ വാക്കുകളിൽ അടയാളപ്പെടുത്തി. പ്രവാസം ഒരു ഭൗതികഅവസ്ഥ ആയിരിക്കുമ്പോൾ തന്നെ മാനസികമായ തലത്തിൽ പ്രവർത്തിക്കുന്നത്, അന്നുവരെ മലയാളിക്ക് കേട്ടുശീലമില്ലാത്ത തോട്ടിയുടെ മകനിലേക്കുള്ള പരകായ പ്രവേശത്തെ മുൻനിറുത്തി, രാമനുണ്ണി വ്യക്തമാക്കി. തുടർന്ന് സംസാരിച്ച അദ്ധ്യാപകനും യുവ എഴുത്തുകാരിൽ ശ്രദ്ധേയനും ആയ ടി. പി. വേണുഗോപാൽ ജന്മനാട്ടിൽ തന്നെ വസിക്കുന്ന, ശീലങ്ങളിലും പ്രവൃത്തികളിലും മലയാളി അല്ലാതായ അഭിനവ 'പ്രവാസിയെ' വരച്ചുകാണിച്ചു. മുംബൈയിലെ എഴുത്തുകാരിൽ ശ്രദ്ധേയരായ സി.പി. കൃഷ്ണകുമാറും സുരേഷ് വർമയും തങ്ങളുടെ മുംബൈ ജീവിതത്തിൽ കണ്ടെടുത്ത നിമിഷങ്ങളെ ഓർമിച്ചു.

സജീവമായ ചർച്ചകൾ കൊണ്ട് സമ്പന്നമായ രണ്ട് ഘട്ടങ്ങൾ പിന്നിട്ടശേഷം പുസ്തക പരിചയപ്പെടുത്തലിന്റെ ഊഴമായിരുന്നു. താക്കുർളിയിൽ താമസിക്കുന്ന മൊറാഴ സ്വദേശി പ്രേമൻ ഇല്ലത്തിന്റെ 'പുറത്താക്കപെട്ടവരുടെ പുസ്തകം' ഇ. ഐ. എസ്. തിലകൻ സദസ്സിനു പരിചയപ്പെടുത്തി. പലസ്തീൻ പശ്ചാത്തലത്തിൽ മലയാളത്തിൽ ആദ്യമായി എഴുതപ്പെട്ട പുസ്തകത്തിന്റെ പ്രസാധനം തൃശൂർ കറന്റ് ബുക്ക്സ് ആണ്. അവതാരിക അദ്ധ്യാപകനും നിരൂപകനും ആയ കെ.ഇ.എൻ. വില 140 രൂപ.

പൊതു ഇടങ്ങൾ വേലികെട്ടിത്തിരിക്കപ്പെടുന്ന, സര്ഗസൃഷ്ടികൾ വിലക്കപ്പെടുന്ന, ചിന്തകൾക്ക് കടിഞ്ഞാണുകൾ വീഴുന്ന, വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രക്ഷേപണം ചെയ്യപ്പെടുന്ന കാലത്ത് വിഭാഗീയ ചിന്തകളെ നേരിട്ടുകൊണ്ട് മുന്നോട്ട്പോകാൻ മനുഷ്യ ജീവിതത്തെ സ്പർശിക്കുന്ന എല്ലാ മേഖലകളിലും ജാഗ്രതയോടെയുള്ള നിരന്തരമായ ഇടപെടലുകൾ ഉറപ്പാക്കുകതന്നെ വേണം. ഭാഷയും സാഹിത്യവും മനുഷ്യവികാസത്തിന്റെ ചരിത്രവും പ്രതിരോധത്തിന്റെ കോട്ടകൾ സൃഷ്ടിക്കാൻ കൂടെ കരുത്തേണ്ടവയാണ്. ജനിച്ച നാടും വീടും വിട്ടു കുടിയേറി വന്ന ഒരു തലമുറയുടെ പിന്മുറക്കാരാണ് ഇന്ന് ഈ മഹാനഗരത്തിൽ ഉള്ള മലയാളികളിൽ വലിയ പങ്കും. മുറിച്ചു മാറ്റിയാലും അദൃശ്യമായി നിലനിൽക്കുന്ന ഒരു പൊക്കിൾകൊടി ബന്ധം സജീവമായി നിലനിർത്താനും നല്ല നാളെകൾക്കുവേണ്ടിയുള്ള പോരാട്ടത്തിന് കരുത്തുപകരാനും ഇത്തരം സാഹിത്യസദസ്സുകൾ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും നിരന്തരം ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു. പരിമിതമായ വായനയിലും വാക്കുകളിലൂടെ പരിചയമുള്ള എഴുത്തുകാരെ കാണാനും സംവദിക്കാനും കഴിഞ്ഞതിലുള്ള സന്തോഷം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ഹോളിഎയ്ഞ്ചൽസ് സ്കൂളിന്റെ പടികൾ ഇറങ്ങുമ്പോൾ സമയം വൈകീട്ട് ഏതാണ്ട് 6.00 മണി.

No comments:

Post a Comment