Tuesday, 19 January 2016

തിലോദകം



ദൃശ്യത്തിന്റെയും ശബ്ദത്തിന്റെയും സങ്കലനമായ ചലച്ചിത്രത്തിന്റെ വെള്ളിത്തിരക്ക് പിന്നിൽ കണ്ണും കാതും മനസ്സും പൂര്ണമായി അർപ്പിച്ച നിരവധി പ്രതിഭകൾ ഉണ്ട്; തങ്ങളുടെ കർമ മണ്ഡലത്തിൽ ശരിയായ രീതിയിൽ അറിയപ്പെടാതെ പോയവരും കുറവല്ല .

മദ്ധ്യ തിരുവിതാംകൂറിലെ തിരുവല്ലയിൽ, ഇളമണ്‍ ഇല്ലത്ത് കൃഷ്ണൻ മൂന്ന് ദശകങ്ങൾക്ക് മുൻപ് വരെ ഇന്ത്യൻ സിനിമയുടേയും വിശേഷിച്ചും മലയാള സിനിമയുടേയും അവിഭാജ്യഘടകം ആയിരുന്നു.  കേരളത്തിൽ നിന്നുള്ള പരിശീലനം സിദ്ധിച്ച ആദ്യത്തെ ചലച്ചിത്ര ശബ്ദലേഖകൻ ആയിരുന്നു 'കൃഷ്ണ ഇളമണ്‍ ബി.എ.' എന്ന തലക്കുറിയിൽ ഒരു കാലത്ത് സിനിമാ ലോകത്ത് അറിയപ്പെട്ടിരുന്ന കൃഷ്ണൻ.  സ്വാതന്ത്ര്യ പൂർവ്വ  കാലത്ത് (1919 – ജനുവരി) സാമാന്യം ഭേദപ്പെട്ട നമ്പൂതിരി കുടുംബത്തിൽ ജനിച്ച് ഇന്റർമീഡിയറ്റ് പാസ്സായി 1939 ൽ കൽക്കട്ടക്ക് പോകുമ്പോൾ 'ഗുരുദേവ്' ന്റെ ശാന്തിനികേതനത്തിൽ ചേരുകയും കൽക്കട്ട യൂണിവേര്സിറ്റിയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദം സമ്പാദിക്കുകയും ആയിരുന്നു കൃഷ്ണന്റെ ലക്‌ഷ്യം.

ശാന്തിനികേതനത്തിലെ അന്തരീക്ഷവും സൗഹൃദങ്ങളും തികച്ചും സ്വാഭാവികമായി കൃഷ്ണനെ സിനിമാ  ലോകത്തേക്ക് ആനയിച്ചു എന്ന് പറയാം.  സി.വി. ആർ. പ്രസാദ്‌ എന്ന സിനിമാ കമ്പക്കാരൻ സുഹൃത്ത്‌ കൽക്കട്ടയിൽ നിന്നും മുംബയിലേക്ക് കൈപിടിച്ച് എത്തിച്ചു എന്ന് പറഞ്ഞാലും അതിശയോക്തിയില്ല.  കൂടാതെ ആദ്യകാല നായിക ദമയന്തി സാഹ്നി (ബൽരാജ് സാഹ്നിയുടെ ഭാര്യ) ശാന്തിനികേതനത്തിലെ  മറ്റൊരു സുഹൃത്ത്‌ ആയിരുന്നു.  സുഭാഷ്‌ചന്ദ്രബോസിനേയും എം. എൻ. റോയിയെയും ഈ കാലത്ത് കാണാനും സംസാരിക്കാനും ഉള്ള അസുലഭ അവസരം യുവാവായ കൃഷ്ണന് കൈവന്നു.  രബീന്ദ്ര സംഗീതം ബംഗാളിൽ ഒരു വികാരം കണക്കെ നില്കുമ്പോൾ ഗുരുമുഖത്ത് നിന്നും നേരിട്ട് ശ്രവിക്കാൻ ഉള്ള അവസരം കൃഷ്ണന് ഉണ്ടായിടുണ്ട്; അതിന്റെ സ്വാധീനം പില്കാല ജീവിതത്തിലും പ്രകടമായിരുന്നു.  പ്രകൃതിയുടെ മഹത്തായ സംഗീതത്തെ ഒപ്പിയെടുക്കാൻ സാങ്കേതികത അപര്യാപ്തമെന്നും സംഗീതം അതിന്റെ ഉച്ചസ്ഥായിയിൽ മൗനമാണെന്നും ശാന്തിനികേതനത്തിലെ ജീവിതം കൃഷ്ണനെ പഠിപ്പിച്ചു.

മുംബയിൽ എത്തിയ കൃഷ്ണൻ ശബ്ദലേഖനത്തിന്റെ സാങ്കേതികത പഠിച്ചത് 'അബ്ദുള്ള ഫാസിൽബോയ്‌’ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്ൽ നിന്നായിരുന്നു.  പഠനശേഷം ദാദറിലെ 'ശ്രി' സൗണ്ട് സ്റ്റുഡിയോയിൽ ജോലിയും ലഭിച്ചു.  ഇന്ത്യൻ ചലച്ചിത്ര, സംഗീത രംഗങ്ങളിലെ ഇതിഹാസ തുല്യരായ ആദ്യകാല പ്രതിഭകളെ കാണാനും അവർക്കൊപ്പം പ്രവർത്തിക്കാനും ഈ കാലത്ത് കൃഷ്ണന് അവസരം കൈവന്നു.  ''സോജ രാജകുമാരി...'' യിലൂടെ ഇന്നും ജന മനസ്സുകളിൽ ജീവിക്കുന്ന സൈഗൾ സിനിമക്ക് അവസാനമായി ശബ്ദം നൽകിയപ്പോൾ അത് ഒപ്പിയെടുത്തവരുടെ കൂട്ടത്തിൽ കൃഷ്ണനും ഉണ്ടായിരുന്നു.  'ധർതി കേ ലാൽ' എന്ന സിനിമക്ക് വേണ്ടിയാണ് സ്വതന്ത്രമായി ഒരു ഗാനം ആദ്യമായി റെക്കോർഡ്‌ ചെയ്തത്; സംഗീത സംവിധായകൻ അന്ന് പൊതുവെ അപ്രശസ്തനായിരുന്ന, പിന്നീടു ഇന്ത്യൻ സംഗീതത്തെ ആഗോളം ഉയര്ത്തിയ, പണ്ഡിറ്റ്‌. രവിശങ്കർ.  ബൽരാജ് സാഹ്നി, ദേവാനന്ദ്‌, ചേതൻ ആനന്ദ്‌, രാജ് കപൂർ, കെ.എ. അബ്ബാസ്... അക്കാലത്ത് പരിചയപ്പെടാനും സഹകരിച്ച് പ്രവർത്തിക്കാനും കഴിഞ്ഞവർ നിരവധി.

വിഭജിക്കപ്പെട്ട ഇന്ത്യയുടെ വേദന മുംബയിലെ ജീവിതം മതിയാക്കി കേരളത്തിലേക്ക് മടങ്ങാൻ കൃഷ്ണനെ പ്രേരിപ്പിച്ചു.  തുടർന്ന്‌ 1950 കളുടെ ആദ്യകാലം വരെ സിനിമയുമായി ബന്ധമില്ലാതെ കഴിഞ്ഞ കൃഷ്ണൻറെ തിരിച്ചുവരവ്‌ തിരുവനന്തപുരത്തെ പ്രശസ്തമായ 'മെറിലാൻഡ്' സ്റ്റുഡിയോ വഴിയായിരുന്നു.  ഭാര്യപിതാവിൻറെ* സുഹൃത്ത്‌ നല്കിയ കത്തുമായി പി. സുബ്രമണ്യത്തെ കാണാൻപോയ കൃഷ്ണൻ തന്റെ പിന്നീടുള്ള ജീവിതം പൂര്ണമായി മെറിലാണ്ടിനും മലയാള സിനിമക്കും വേണ്ടി സമർപ്പിച്ചു.

പൊതുവിൽ ഗാനങ്ങൾ കുറവായിരുന്ന കാലത്ത് നിന്നും ഗാനങ്ങൾ സിനിമയുടെ ഭാഗ്യജാതകം  ആകുന്നതുവരെ  ശബ്ദലേഖനത്തിന്റെ വിവിധ ഘട്ടങ്ങൾ കൃഷ്ണൻ പിന്നിട്ടു; ഒപ്പം മലയാള സിനിമയും വളർന്നു.  ഒ.എൻ.വി.-ദേവരാജൻ കൂട്ടുകെട്ടിന്റെ ആദ്യ ഗാനം മെറിലാൻഡിൽ റെക്കോർഡ്‌ ചെയ്യപ്പെടുമ്പോൾ ശബ്ദലേഖകൻ കൃഷ്ണൻ ആയിരുന്നു.  ദേവരാജന്റെ പല ഗാനങ്ങളും പിന്നീട് ശബ്ദലേഖനം ചെയ്ത് മലയാളിക്ക് സമ്മാനിച്ചത്‌ കൃഷ്ണൻ ആയിരുന്നു.  "ആകാശ പൊയ്കയിൽ ..." (പട്ടുതൂവാല), "പൊൽതിങ്കൽ കല..." (കുമാര സംഭവം), "ശബരിമലയിൽ തങ്ക സൂര്യോദയം..." (സ്വാമി അയ്യപ്പൻ) അവയിൽ ചിലത് മാത്രം.  തിരുനൈനാർകുറിച്ചി - ബ്രദർ ലക്ഷ്മണ്‍ കൂടുകെട്ട്, എം.ബി.ശ്രീനിവാസ്, ദക്ഷിണാമൂർത്തി, ബാബുരാജ്‌, കമുകറ, എ. എം. രാജ, പി.ബി.ശ്രീനിവാസ്, പി.ലീല... സഹകരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞ പ്രമുഖരുടെ പട്ടിക വലുതാണ്.

കേന്ദ്ര സര്ക്കാരിന്റെ ക്ഷണം ലഭിച്ചിട്ടും മെറിലാണ്ടിനെയും പി. സുബ്രമണ്യത്തെയും പിരിഞ്ഞ് പോകാത്ത കൃഷ്ണൻ , 1978 ൽ സുബ്രമണ്യത്തിൻറെ മരണശേഷം ഏറെ കാലം ജോലിയിൽ തുടർന്നില്ല.  1981 ൽ ജോലിയിൽ നിന്നും വിരമിച്ച കൃഷ്ണൻ പിന്നീട് തിരുവനന്തപുരത്ത് കരമനയിൽ വിശ്രമ ജീവിതം നയിച്ചു.  കുടുംബം  - പത്നി : പരേതയായ രാജേശ്വരി (കുമാരമംഗലസ്സ് മന, ചങ്ങനാശ്ശേരി), മക്കൾ : ഗിരീഷ്‌ ഇളമണ്‍, സുരേഷ് ഇളമണ്‍, സുഷമ.  2015 ആഗസ്റ്റ്‌ 9 ന് തൻറെ 96-മത്തെ വയസ്സിൽ മരിക്കുമ്പോൾ മലയാള സിനിമയുടെ,  ഇന്ത്യൻ സിനിമയുടെയും, വളർച്ചയുടെ സാക്ഷിയായ ഒരു പ്രതിഭയെ നമുക്ക് നഷ്ടമായി.  മലയാള സിനിമാലോകം ഇന്ത്യൻ  സിനിമക്ക് നല്കിയ ഈ മഹാപ്രതിഭയുടെ ഓർമകൾക്ക് മുന്നിൽ നമുക്ക് തിലോദകം അർപ്പിക്കാം.

സൂരജ്‌ ഞാളൂർ

-------------------------------------------------------------------------------------------------------------------------

അവലംബം :

1) ശ്രി. രവി മേനോന്റെ ലേഖനം -  'ശബ്ദ ലോകത്തെ ഇളമണ്‍ ഗാഥ' - മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2014 ഒക്ടോബർ 5-11.

2) ശ്രി. ഗിരീഷ് ഇളമണ്ണുമായി 2015, ഡിസംബർ 12 നു നടത്തിയ ടെലെഫോണ് സംഭാഷണവും  
തുടർന്നുള്ള ഇ-മെയിൽ സന്ദേശങ്ങളും.

3) ഫോട്ടോക്ക് കടപ്പാട് : ശ്രി. ഗിരീഷ്‌ ഇളമണ്‍.


* ഭാര്യാപിതാവ് : കെ. എൻ. കേശവൻ നമ്പൂതിരിപ്പാട്‌ - ഡിസ്ട്രി. ജഡ്ജിയും കേരളാ ഹൈ കോർട്ടിന്റെ മുൻ രജിസ്ട്രാറും ആയിരുന്നു.

No comments:

Post a Comment